എല്ലാരുമോതിയെന് പോക്കിന്നു നന്നല്ല;
നന്നായിടാന്‍ തന്നെ ചിന്തിച്ചു ഞാന്‍.
കള്ളം വെടിഞ്ഞങ്ങു സത്യം പറഞ്ഞതും
പല്ലികള്‍ വല്ലാതെ ശല്യമായി.
നിസ്വാര്‍ത്ഥ സേവനസ്സംഘത്തിലെത്തി ഞാന്‍
പത്രങ്ങളില്‍ വര്‍ണ്ണ ചിത്രമായി.
ഒരുമയില്പ്പെരുകവേ, നീണ്ടോരുലക്ക-
പ്പുറത്തുനിന്നും ഞാനുരുണ്ട് പോയി.
താണിടത്തൊക്കെ നീരോടുമെന്നോര്ത്തു ഞാന്‍
താഴ്മയില്‍ ജീവിതം ഭദ്രമാക്കെ,
തെളിനീരുറവിന്റെ കുളിരല്ല, പിന്നെയോ
സൂനാമി വന്നങ്ങു വൃത്തിയാക്കി.
മര്‍ത്ത്യരെ വിട്ടു ഞാന്‍ ഭൂമിതന്‍ വാല്‍സല്യ
കരലാളനത്തിന്റെ പിന്നാലെ പോയ്
മുയലെന്നു ചിന്തിച്ച പ്ലാവൊന്നുറക്കെ-
ച്ചിരിച്ചെന്റെ മേലോട്ടു ചക്കയിട്ടു.
മഴവില്ലുറങ്ങുന്ന ഹിമകണം പേറുന്ന
പുല്‍ക്കൊടി നോക്കി ഞാനാശ്വസിക്കെ
ഗതികെട്ട പുലിയൊക്കെ കൂട്ടമായ് വന്നിട്ടു
പുല്മേടുമൊട്ടൊന്നു വൃത്തിയാക്കി.
നന്നാകുവാന്‍ ഞാന്‍ ഒരുമ്പെട്ടിറങ്ങിയി-
ട്ടൊന്നുമേ നന്നായി വന്നതില്ല.
ലോകമിന്നെന്തേ വളഞ്ഞുപോകുന്നതെ-
ന്നൊരുനാളുമിനി ഞാന്‍ നിനയ്ക്കയില്ല.
Subscribe to:
Post Comments (Atom)

which is more important?
ReplyDeleteend result OR the process
Nice poem. :)
ReplyDeleteഉജ്വലം
ReplyDelete