Sunday, November 7, 2010

നന്നാവാന്‍ പോയ ഒരാള്‍...

എല്ലാരുമോതിയെന്‍ പോക്കിന്നു നന്നല്ല;
നന്നായിടാന്‍ തന്നെ ചിന്തിച്ചു ഞാന്‍.
കള്ളം വെടിഞ്ഞങ്ങു സത്യം പറഞ്ഞതും
പല്ലികള്‍ വല്ലാതെ ശല്യമായി.

നിസ്വാര്‍ത്ഥ സേവനസ്സംഘത്തിലെത്തി ഞാന്‍
പത്രങ്ങളില്‍ വര്‍ണ്ണ ചിത്രമായി.
ഒരുമയില്‍പ്പെരുകവേ, നീണ്ടോരുലക്ക-
പ്പുറത്തുനിന്നും ഞാനുരുണ്ട് പോയി.

താണിടത്തൊക്കെ നീരോടുമെന്നോര്‍ത്തു ഞാന്‍
താഴ്മയില്‍ ജീവിതം ഭദ്രമാക്കെ,
തെളിനീരുറവിന്‍റെ കുളിരല്ല, പിന്നെയോ
സൂനാമി വന്നങ്ങു വൃത്തിയാക്കി.

മര്‍ത്ത്യരെ വിട്ടു ഞാന്‍ ഭൂമിതന്‍ വാല്‍സല്യ
കരലാളനത്തിന്‍റെ പിന്നാലെ പോയ്‌
മുയലെന്നു ചിന്തിച്ച പ്ലാവൊന്നുറക്കെ-
ച്ചിരിച്ചെന്‍റെ മേലോട്ടു ചക്കയിട്ടു.

മഴവില്ലുറങ്ങുന്ന ഹിമകണം പേറുന്ന
പുല്‍ക്കൊടി നോക്കി ഞാനാശ്വസിക്കെ
ഗതികെട്ട പുലിയൊക്കെ കൂട്ടമായ്‌ വന്നിട്ടു
പുല്‍മേടുമൊട്ടൊന്നു വൃത്തിയാക്കി.

നന്നാകുവാന്‍ ഞാന്‍ ഒരുമ്പെട്ടിറങ്ങിയി-
ട്ടൊന്നുമേ നന്നായി വന്നതില്ല.
ലോകമിന്നെന്തേ വളഞ്ഞുപോകുന്നതെ-
ന്നൊരുനാളുമിനി ഞാന്‍ നിനയ്ക്കയില്ല.

Sunday, February 28, 2010

പറയാതിരുന്നത് ...

ഒരു വാക്കുപോലും പറഞ്ഞില്ല ഞാന്‍, നിന്റെ
മനസ്സിന്റെ ജനലൊന്ന് കണ്ട കാര്യം.
അവിടങ്ങൊളിച്ചിരുന്നെന്റെ നേര്‍ നോക്കുന്ന
നിന്‍ മുഖം തെല്ലൊന്നു കണ്ട കാര്യം

ഒരു വാക്ക് നീയും പറഞ്ഞില്ല, എന്‍ മനം
മൂളുന്ന പാട്ടുകള്‍ കേട്ട കാര്യം,
പാട്ടിന്റെ താളം തിരിച്ചറിഞ്ഞ,തു നിന്റെ
ഹൃത്താളമാണെന്നറിഞ്ഞ കാര്യം.

ഒരു വാക്ക് കാറ്റും പറഞ്ഞില്ല, നിന്റെ പൂ -
ന്തോപ്പിലെ പൂക്കള്‍ കവര്‍ന്ന കാര്യം
ഒരു വാക്ക് പൂവും പറഞ്ഞില്ല, വന്നെന്റെ -
യുള്‍ക്കോണിലെങ്ങോ വിരിഞ്ഞ കാര്യം.

Friday, February 5, 2010

നിറങ്ങള്‍

നിറമില്ലാത്ത ജീവനെ
സൃഷ്ടിച്ചു കൊണ്ടിരുന്നു ദൈവം
പൂക്കള്‍ വിരിഞ്ഞു, ഇലകള്‍ പടര്‍ന്നു
മിഴികള്‍ തുറന്നു, നിറമില്ലാതെ.
എപ്പോഴുമെന്നപോലെ
പെട്ടെന്നൊന്നമ്പരപ്പിക്കാനായി
ദൈവം ഒളിപ്പിച്ചു വച്ചു
മഴയെ, പൂമ്പാറ്റയെ, മഞ്ചാടിയെ
പക്ഷെ
തടുക്കാനാവാതെ പോട്ടിവീണുപോയി
ദൈവത്തിന്റെ മനസ്സില്‍നിന്നും
മഴ.....
അരികത്തിരുന്ന ജലച്ചായപ്പെട്ടിയിലേക്ക്.
അലിയുന്ന ചായക്കട്ടകള്‍ .. വര്‍ണ്ണമഴ..
മഴവീണ് ഭൂമി കുളിര്‍ത്തു
നിറമൊഴുകിപ്പരന്നു
ഇലകള്‍ പച്ച, പൂക്കള്‍ മഞ്ഞ
മഴ വീണ വിടവിലൂടെ പൂമ്പാറ്റകള്‍ പാറി വന്നു
മഴനൂലുകള്‍ക്കിടയിലൂടെ
വര്‍ണ്ണപ്പൊട്ടുകള് ചിറകില്‍പേറി.
കാലിയായ ചായപ്പെട്ടിയുമായി
ചിരിച്ചുലഞ്ഞു ദൈവം നോക്കി നിന്നു
ഒഴുകിപ്പടര്‍ന്ന നിറങ്ങളെ കടന്നു പിടിച്ചു
മഴത്തുള്ളിയില്‍ കുടിയിരുത്തി
കുസൃതിച്ചിരിയുമായി
ദൈവം നടന്നു പോയി

ഭൂമിയില്‍ നിറങ്ങളും
കുതറിച്ചാടാന്‍ വെമ്പുന്ന
മഴവില്‍ക്കുറുമ്പുമുണ്ടായത്
അങ്ങനെയാണ് .